ലിംഗ നിര്‍ണയത്തില്‍ പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന് ആരോപണം. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ഭോപാല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തെത്തിയത്.
ശിവാരി ദേവിയാണ്(20) ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണിയായ ശിവാരിയെ ലിംഗ നിര്‍ണയം നടത്തുന്നതിനായി ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലിംഗ നിര്‍ണയത്തില്‍ ശിവാരിക്ക് പെണ്‍കുഞ്ഞാണെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് സഹോദരന്‍ പറഞ്ഞു.
ആണ്‍കുഞ്ഞിനായി ഏറെ കാത്തിരുന്ന വീട്ടുകാര്‍ക്ക് ഇത് കനത്ത നിരാശയാണ് നല്‍കിയതെന്നും ഈ ക്രോധം തീര്‍ക്കാന്‍ വീട്ടുകാര്‍ ശിവാരിയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ശിവാരിയുടെ ശരീരത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടെന്ന് സഹോദരന്‍ പൊലീസില്‍ അറിയിച്ചു.
ശിവാരിയുടെ ഭര്‍ത്താവ് സാഹിരാം ജോധ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ലിംഗ നിര്‍ണയവും പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതും വ്യാപകമായി അരങ്ങേറുന്നുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് 1000 ആണ്‍കുട്ടികള്‍ക്ക് 883 പെണ്‍കുട്ടികള്‍ എന്ന നിരക്കാണ് രാജസ്ഥാനില്‍ ഇപ്പോള്‍ ഉള്ളത്.