ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വിവാദങ്ങളും ശക്തമാകുന്നു. ചടങ്ങിന് മുന്‍ എം പി പ്രദീപ് ഗാന്ധി എത്തിയതാണ് വിവാദമായിരിക്കുന്നത്. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയ സംഭവത്തില്‍ 2005-ല്‍ പ്രദീപ് ഗാന്ധിയുടെ എം പി സ്ഥാനം തെറിച്ചിരുന്നു. ഛത്തീസ്ഗഢില്‍ നിന്നുള്ള ബി ജെ പി എംപിയായിരുന്നു ഇദ്ദേഹം.
ഉപരാഷ്ട്രപതിയുടെ ചേമ്പറിലാണ് സച്ചിന്റെ സത്യപ്രതിജ്ഞ നടന്നത്. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയതിന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട എം പി എങ്ങനെ ചടങ്ങില്‍ പങ്കെടുത്തു എന്ന ചോദ്യമാണ് ഉയരുന്നത്. പ്രദീപ് ഗാന്ധിയെ ക്ഷണിച്ചിരുന്നില്ല എന്നാണ് രാജ്യസഭാ വൃത്തങ്ങള്‍ പ്രതികരിച്ചത്.
പ്രദീപ് ഗാന്ധിയെ തനിക്കറിയില്ലെന്നാണ് സച്ചിന്റെ പ്രതികരണം. തിങ്കളാഴ്ചയായിരുന്നു സച്ചിന്റെ സത്യപ്രതിജ്ഞ.