പാകിസ്ഥാന്‍ ഭീകരത കൈവെടിയണം: സിംഗ്

പിറ്റ്സ്ബര്‍ഗ്| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (09:48 IST)
PRO
പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ദേശീയ നയമായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. അയല്‍ രാജ്യവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നും സിംഗ് പിറ്റ്സ്ബര്‍ഗില്‍ പറഞ്ഞു.

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി ഷരം-എല്‍-ഷെയ്ക്കില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു സിംഗിന്റെ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാല്‍, ഇന്ത്യക്കെതിരെ ഭീകരത ദേശീയ നയമായി ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ ഉപേക്ഷിക്കണം. മുംബൈ ഭീകരാക്രമണം സംബന്ധിച്ച തെളിവുകള്‍ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ആക്രമണം നടന്നത് ഇന്ത്യയിലാണെങ്കിലും ഗൂഡാലോചന നടന്നത് പാകിസ്ഥാനിലാണ്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണം എന്നതാണ് ഇന്ത്യയുടെ ആവശ്യം.

ഇക്കാര്യത്തില്‍, പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ഏറെ സഹായിക്കും. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സിംഗ് ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സിംഗ് ഇന്തോ-പാക് ബന്ധം മെച്ചപ്പെടാന്‍ 26/11 ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :