നേതാക്കള്‍ക്ക് ഭീഷണി; സുരക്ഷ ശക്തമാക്കും

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍‌-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇന്ത്യന്‍ നേതാക്കളെ തെരഞ്ഞെടുപ്പ് സമയത്ത് ലക്‍ഷ്യമിടുന്നത്. ഇവരും ഇന്ത്യയിലെ ചില തീവ്രവാദ സംഘങ്ങളുമായി നടന്ന സംഭാഷണ ശകലങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മായാവതി, എല്‍ കെ അദ്വാനി, നരേന്ദ്ര മോഡി, ജയലളിത, റാംവിലാസ് പാസ്വാന്‍ തുടങ്ങിയ നേതാക്കളാണ് ഭീകരരുടെ ലക്‍ഷ്യം. ഈ നേതാക്കള്‍ക്ക് നിലവില്‍ മതിയായ സുരക്ഷ നല്‍കുന്നുണ്ട് എങ്കിലും ഇത് അതിശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നേതാക്കള്‍ തടികൊണ്ട് നിര്‍മ്മിച്ച വേദികള്‍ ഒഴിവാക്കുക, വേദിയും പൊതുജനങ്ങളും തമ്മില്‍ നിശ്ചിത അകലം സൂക്ഷിക്കുക, ട്രെയിനില്‍ യാത്ര ചെയ്യാതിരിക്കുക തുടങ്ങി കൂടുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :