ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി. വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത് മോഡിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. പഞ്ചാബിലെ മോഡി റാലിക്കും തീവ്രവാദിയാക്രമണ ഭീഷണിയുണ്ട്. മോഡിയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം. ഇതിനനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.
നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി മുന്നു തലത്തിലുള്ള സുരക്ഷയാണ് ക്രമീകരിക്കുക. മോഡി പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തുന്നവരെ ആറു തവണ പരിശോധിച്ചേ കയറ്റിവിടാവൂ എന്ന രീതിയിലാണ് സുരക്ഷ. അവസാന പരിശോധന മോഡി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പൂര്‍ത്തിയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. മോഡിയുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ മാത്രമല്ല ഗുജറാത്ത് പൊലീസിന്റെ അകമ്പടിക്കൊപ്പം ബിജെപിയും സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.