ഭാവിതലമുറയ്ക്ക് അഭിമാനത്തോടെ കാഴ്ചവയ്ക്കാനായി ഒരു പുതിയരാഷ്ട്രം തീര്‍ക്കാന്‍ നമ്മള്‍ പ്രതിജ്ഞ ചെയ്യണമെന്ന് സദ്ഗുരു ജ്യോതി മഹാദേവ് ഇന്ത്യന്‍ ജനതയ്ക്കായി സമര്‍പ്പിച്ച സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. നമ്മള്‍ എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ രീതിയിലുള്ള ഒരു സാഹചര്യം സൃഷ്ടിക്കാനായി ദൃഢനിശ്ചയം ചെയ്യേണ്ട ദിവസമാണ് സ്വാതന്ത്ര്യദിനമെന്നും സദ്ഗുരു പറഞ്ഞു.
സ്വാതന്ത്ര്യം നേടിയിട്ട് 64 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ സാധ്യമാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. രണ്ടുതലമുറകള്‍ കടന്നുപോയെങ്കിലും ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍പ്പോലും ഭൂരിപക്ഷം ജനതയും ബുദ്ധിമുട്ടുന്നു.
സ്വാതന്ത്ര്യദിനം എന്നാല്‍ പതാക ഉയര്‍ത്തലോ മധുരം കഴിക്കലോ ദേശീയബോധമുണര്‍ത്തുന്ന ഗീതങ്ങള്‍ ആലപിക്കലോ മാത്രമല്ല. സ്വാതന്ത്ര്യം നേടിത്തരുന്നതിനായി കാഴ്ചവച്ച ഉത്തരവാദിത്തബോധവും സമര്‍പ്പണവും ജീവത്യാഗവുമെല്ലാം മുന്‍ തലമുറ നമുക്ക് തന്ന സമ്മാനങ്ങളാണ്.
പല കാര്യങ്ങളിലും നമ്മള്‍ മുന്നേറിയിട്ടുണ്ടെങ്കിലും ഒരുപാട് അടിസ്ഥാന മേഖലകളില്‍ നമ്മള്‍ പിന്നാക്കം നില്‍ക്കുന്നു. നമുക്കുവേണ്ടിയുള്ള ഒരു ജീവിതം സൃഷ്ടിക്കുക, നമുക്കുവേണ്ടിയുള്ള ഒരു രാജ്യത്തെ സൃഷ്ടിക്കുക, വരും തലമുറകള്‍ക്കായി ഒരു നല്ല ഭാവി സൃഷ്ടിക്കുക എന്നിവയാണ് നമ്മളുടെ അത്യാവശ്യങ്ങള്‍. ഇത് സംഭവിക്കണമെങ്കില്‍ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉണ്ടാകേണ്ടതുണ്ട്.
വേണ്ടത്ര മികച്ച നേതാക്കളെ സൃഷ്ടിക്കാനായില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ വലിയ കുറവ്. രാഷ്ട്രീയക്കാരെയും ഭരണകര്‍ത്താക്കളെയും നമ്മള്‍ സൃഷ്ടിച്ചു, എന്നാല്‍ നല്ല നേതാക്കളെ വേണ്ടത്ര സൃഷ്ടിക്കാനായില്ല. നമുക്ക് എങ്ങനെയുള്ള രാഷ്ട്രമാണോ ആവശ്യം അങ്ങനെയൊന്ന് സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് എല്ലാ കരങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നമ്മുടെ രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളും ഇപ്പോഴും അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ ദുരിതക്കയത്തിലാണ്. മുഴുവന്‍ ജനതയുടെയും പുരോഗതി പരിഗണിക്കാതെ ഒരു രാഷ്ട്രത്തിനും ഏറെദൂരം മുന്നോട്ടുപോകാനാവില്ല.
നമ്മള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യം സൃഷ്ടിക്കുന്നതിനായുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കേണ്ട സമയമാണ് ഈ സ്വാതന്ത്ര്യദിനം. ഭാവി തലമുറകള്‍ക്കായി അഭിമാനപൂര്‍വം കൈമാറാനായുള്ള ഒരു സാഹചര്യം സൃഷ്ടിക്കാനായുള്ള സമര്‍പ്പണത്തിന് ഏവര്‍ക്കും തയ്യാറാകാം.