കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ആന്ധ്രപ്രദേശ് പുനഃസംഘടനാ ബില്‍-2014 (തെലങ്കാന ബില്‍) രാജ്യസഭയില്‍ പാസായി.
സിമാന്ധ്രക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേകം പദവി നല്‍കുമെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ബില്‍ പാസാക്കിയത് രൂക്ഷമായ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയായിരുന്നു.
തെലങ്കാന രൂപവത്കരിക്കുന്നതിന് ബിജെപി പിന്തുണച്ചു. രാജ്യത്തെ 29മത് സംസ്ഥാനമാണ് പിറക്കുന്നത്. ആന്ധ്രയിലെ 10 ജില്ലകളാണ് തെലങ്കാനയില്‍ വരുന്നത്. ബാക്കി 13 ജില്ലകള്‍ സീമാന്ധ്രയാകും.
42 ലോക്സഭാ മണ്ഡലങ്ങളില്‍ 25 സീമാന്ധ്രയിലും 17 തെലങ്കാനയിലുമായിരിക്കും. 294 നിയമസഭാ മണ്ഡലങ്ങളില്‍ സീമാന്ധ്രക്ക് 175, തെലങ്കാനക്ക് 119 എന്നിങ്ങനെയാണ് വിഭജനം. രണ്ട് സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനം 10 വര്‍ഷത്തേക്ക് ഹൈദരാബാദ് ആയിരിക്കും.
സീമാന്ധ്ര മേഖലയുടെ ആശങ്ക പരിഗണിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് 2009 ഡിസംബറിലായിരുന്നു.