തെലങ്കാന: അതിര്‍ത്തി നിര്‍ണയം, തലസ്ഥാനം എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം, ആശങ്കയില്‍ സംസ്ഥാനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിഭജന വിവാദങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടെ സംസ്ഥാന രൂപീകരണ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അധ്യക്ഷനായ ഏഴംഗ സമിതിയാണ് യോഗം ചേരുക. എകെ ആന്റണി, പി ചിദംബരം, വീരപ്പ മൊയ്‌ലി, ഗുലാം നബി ആസാദ്, ജയറാം രമേശ്, എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

വരുമാനം, ജലം, വൈദ്യുതി എന്നിവയുടെ വിഭജനവും വിതരണവും നടപ്പാക്കുന്നത് സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ഹൈദരാബാദ് ആസ്ഥാനമാക്കി ഇരു സംസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് വേണ്ട ഭരണപരവും നിയമപരവുമായ നടപടികളെക്കുറിച്ച് ശുപാര്‍ശ നല്‍കുക എന്നിവയും സമിതിയുടെ ദൗത്യമാണ്.

തെലങ്കാന രൂപീകരണത്തിനുള്ള പ്രമേയം ഉടന്‍ ഉണ്ടാകുമെന്ന് സമിതി അധ്യക്ഷന്‍ സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. സീമാന്ധ്രയിലെ ജനങ്ങള്‍ക്ക് നീതി നടപ്പാക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.

ആന്ധ്രാവിഭജനത്തിനെതിരെ തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. ഹൈദരാബാദില്‍ നിരാഹാരം അനുഷ്ഠിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി കരുതല്‍ തടങ്കലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :