ഉള്ളി ഒരു അനിവാര്യ വസ്തുവാണെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ഉള്ളിയുടെ വില കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഉത്പാദനത്തിനനുസരിച്ച് ഉള്ളിയുടെ വിലയില്‍ വ്യത്യാസം വരുമെന്നാണ് സര്‍ക്കാരിന്റെ വാദം.
ഇപ്പോള്‍ ചെറുകിട വ്യാപാരികള്‍ കിലോയ്ക്ക് 70 മുതല്‍ 80 വരെ രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കിലോയ്ക്ക് 30 രൂപയില്‍ താഴെയായിരുന്നു. ഉള്ളി വിലയില്‍ കാലികമായ വര്‍ദ്ധനയാണുണ്ടായെന്നും എന്നാല്‍ ഉടന്‍ തന്നെ വിലകുറയുമെന്നും ഉല്പാദനം വര്‍ദ്ധിക്കുമ്പോള്‍ വിലയില്‍ വ്യത്യാസം വരുമെന്നും കേന്ദ്രമന്ദ്രി മനീഷ് തിവാരി പറഞ്ഞു.
കാബിനറ്റ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ അനിവാര്യ വസ്തുക്കള്‍ക്കുള്ള നിയമത്തില്‍ ഉള്ളി ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍നിന്ന് പുതിയ ചരക്ക് വരുന്നതോടെ ഉള്ളിയുടെ വിലകുറക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും പറഞ്ഞു. ഇതു സംബന്ധിച്ച് കൃഷിക്കാരുമായും കച്ചവടക്കാരുമായും താന്‍ സംസാരിച്ചുവെന്നും അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഖാരിഫ് വിളകളുടെ വരവ് കാരണം രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ ഉള്ളിയുടെ വില കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുണ്ടായ ശക്തമായ മഴകാരണം ഖാരിഫ് വിളകളുടെ വിളവെടുപ്പും ചരക്കുനീക്കവും പ്രതിസന്ധിയിലായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക് ബെല്‍റ്റ് പ്രദേശത്തെ കര്‍ഷകരുടെ കൊയ്ത്തിനെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഖാരിഫ് വിളയുടെ വരവോടെ ഉള്ളിയുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പവാര്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി കെവി.തോമസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.