തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് കൊടനാട് എസ്റ്റേറ്റ് ജയലളിത സ്വന്തമാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉടമ

കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ ഭരണകാലത്ത് ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതെന്ന് മുന്‍ ഉടമ

Kodanad estate, Peter Edward Jones, Jayalalithaa, കൊടനാട് എസ്റ്റേറ്റ്, ജയലളിത, ശശികല, ചെന്നൈ
ചെന്നൈ| സജിത്ത്| Last Modified ബുധന്‍, 31 മെയ് 2017 (08:10 IST)
ജയലളിതയുടെ ഭരണകാലത്തു അവരുടെ തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തിയാണ് കൊടനാട് എസ്റ്റേറ്റ് സ്വന്തമാക്കിയതെന്ന് മുൻ ഉടമസ്ഥന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് വംശജനായ പീറ്റർ കാൾ എഡ്വേർഡ് ക്രെയ്ഗ് ജോൺസ് ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ഈ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. കൊടനാട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വീണ്ടും ഉയരുന്നതിനിടെയാണിത് ഈ വെളിപ്പെടുത്തലുമായി ക്രെയ്ഗ് രംഗത്തെത്തിയത്.

തന്റെ പിതാവാ‍യ വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം പിന്നീട് തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൊടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.തനിക്കു പുറമെ പിതാവ്, മാതാവ്, നാലു സഹോദരിമാര്‍ എന്നിവരായിരുന്നു എസ്റ്റേറ്റിന്റെ ഉടമസ്ഥരെന്നും ‍ക്രെയ്ഗ് പറയുന്നു.

ജയലളിതയ്ക്ക് ഈ എസ്റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ല്‍ ചിലര്‍ തങ്ങളെ അറിയിച്ചു. കുറച്ചധികം ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാല്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനു ശേഷം 906 ഏക്കറോളം വരുന്ന എസ്റ്റേറ്റ് മൊത്തമായി 7.6 കോടി രൂപയ്ക്കു വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ക്രെയ്ഗ് വ്യക്തമാക്കുന്നു.

ജയലളിതയുടെ വേനല്‍കാല വസതിയായിരുന്നു നീലഗിരി മലനിരകളിലെ കൊടനാട് എസ്റ്റേറ്റ്. ഇവിടെ ജയയുടെ വിഹിതം രേഖകള്‍ അനുസരിച്ച് 3.13 കോടിരൂപ മാത്രമായിരുന്നു. ബാക്കിയുള്ളവയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണുള്ളത്. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :