ഡിഎംകെ യോഗം ബഹിഷ്കരിച്ച് അഴഗിരി മധുരയ്ക്ക് പോയി!

ചെന്നൈ| WEBDUNIA|
PRO
PRO
സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച ഡിഎംകെയില്‍ ഭിന്നത രൂക്ഷമായി. പിന്തുണ പിന്‍‌വലിച്ച ശേഷം നടക്കുന്ന നിര്‍ണ്ണായകയോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി എത്തിയില്ല. ചെന്നൈയിലായിരുന്ന അഴഗിരി തിങ്കളാഴ്ച രാവിലെ തന്റെ മണ്ഡലമായ മധുരയിലേക്ക് പോകുകയായിരുന്നു. സുഖമില്ലാത്തത് കൊണ്ടാണ് യോഗത്തിനെത്താത്തതെന്ന് അഴഗിരി പറഞ്ഞു.

നിര്‍ണ്ണാ‍യക തീരുമാനങ്ങള്‍ എടുക്കാന്‍ ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തില്‍ പങ്കെടുക്കാതെ അഴഗിരി മധുരയ്ക്ക് പോയി. ശ്രീലങ്കന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചതില്‍ അഴഗിരിയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു. തന്നോട് ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്ന് കാണിച്ച് അഴഗിരി പ്രതിഷേധം പ്രകടിപ്പിച്ചു. മറ്റു പാർട്ടി മന്ത്രിമാര്‍ക്കൊപ്പം രാജി നല്‍കാതെ, സഹമന്ത്രിയായിരുന്ന നെപ്പോളിയനൊപ്പം എത്തി പ്രത്യേകമായാണ് അഴഗിരി രാജിക്കത്ത് നല്‍കിയത്. ഇതോടെ ഡിഎംകെയിലെ പൊട്ടിത്തെറി രൂക്ഷമാകുകയും ചെയ്തു.

അഴഗിരിയ്ക്കും മകനുമെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പിന്തുണ പിന്‍‌വലിച്ചാല്‍ അത് ദോഷം ചെയ്യും എന്നാണ് അഴഗിരിയുടെ നിരീക്ഷണം. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയും ഒപ്പം കേന്ദ്രസര്‍ക്കാരും തങ്ങളെ ഒരു പോലെ ദ്രോഹിക്കുമെന്നും അതിനാല്‍ ഒരു കാരണവശാലും യുപിഎയ്ക്കുള്ള പിന്തുണ പിന്‍‌വലിക്കരുത് എന്നുമായിരുന്നു അഴഗിരി അഭിപ്രായപ്പെട്ടിരുന്നത്.

ഡിഎംകെ തലവന്‍ കരുണാനിധിയുടെ പിന്‍‌ഗാമി ആരെന്നതിനെ ചൊല്ലി മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്. സ്റ്റാലിനാണ് പിന്‍‌ഗാമിയെന്ന് കരുണാനിധി ഈയിടെ വ്യക്തമാക്കുക കൂടി ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :