രാജ്യത്തെ പ്രതിരോധ രംഗത്തെ വിവാദത്തിലാക്കിയ ടട്ര ട്രക്ക് ഇടപാട് കേസില്‍ സി ബി ഐ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിനായി തനിക്ക് 14 കോടി രൂപയുടെ കൈക്കൂലി വാഗ്‌ദാനം ലഭിച്ചു എന്ന കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്‌ഥാപനമായ ബിഇഎംഎല്‍, വാഹന നിര്‍മാതാക്കളായ ടാട്രാ-വെക്ട്രയിലെ പ്രധാന ഓഹരി ഉടമകളായ വെക്ട്ര ഗ്രൂപ്പ് എന്നിവയ്ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെക്‌ട്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രവി ഋഷിയെ സിബിഐ ചോദ്യം ചെയ്‌തു. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം 2009-ല്‍ സൈന്യത്തിലേക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് എ കെ ആന്റണിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ഒരു ദേശീയപത്രം വെളിപ്പെടുത്തിയത് വിവാദമായി. 2009 ഒക്ടോബര്‍ അഞ്ചിന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ആന്റണിയ്ക്ക് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നുവെന്നും എന്നാല്‍ ആന്റണി ഒന്നും ചെയ്തില്ലെന്നുമാണ് പത്രം പറയുന്നത്. ഇതുവരെ ആന്റണിയെ ആക്രമിക്കാതിരുന്ന പ്രതിപക്ഷം ഈ വാര്‍ത്ത പുറത്തുവന്നതോടെ ആന്റണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
English Summary: The CBI today registered a case in connection with the supply of all-terrain Tatra trucks through state-owned BEML to the Army and called for questioning Vectra group Chairman Ravi Rishi who is a majority stake holder in Tatra.