ജസ്വന്ത് സിംഗ് ബിജെപി വിട്ടു; ബാര്‍മറില്‍നിന്ന് സ്വതന്ത്രനായി മത്സരിക്കും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് ബിജെപി വിട്ടു. രാജസ്ഥാനിലെ ബാര്‍മര്‍ ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ബാര്‍മര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ജസ്വന്തിന്റെ നീക്കം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി പറയുന്ന ന്യായങ്ങള്‍ സ്വീകാര്യമല്ലെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു.
പാര്‍ട്ടി അവഹേളിച്ചു. നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചു. വിട്ടുവീഴ്ച രാഷ്ട്രീയത്തിന് തയ്യാറല്ലെന്നും ജസ്വന്ത് പറഞ്ഞു. ഇതേസമയം രാജസ്ഥാനിലെ എംഎല്‍എയും ജസ്വന്തിന്റെ മകനുമായ മന്‍വേന്ദ്ര സിംഗ് പാര്‍ട്ടിയില്‍ നിന്നും ഒരു മാസത്തെ അവധിയെടുത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നുവെന്നാണ് വിശദീകരണം.
രാജസ്ഥാനിലെ തന്റെ ജന്മനാടായ ബാര്‍മറില്‍ ജനവിധി തേടാന്‍ അനുവദിക്കണമെന്നായിരുന്നു ജസ്വന്ത് സിംഗിന്റെ ആവശ്യം. എന്നാല്‍ ബിജെപി ഇത് തള്ളുകയായിരുന്നു. പകരം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംപി സോനാറാം ചൗധരിയെ ബിജെപി ബാര്‍മറില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ നിലപാടാണ് ജസ്വന്തിന് വിനയായത്. ജാട്ട് സമുദായത്തില്‍പെട്ട സോനാറാം ചൗധരിയെ നിര്‍ത്തിയാല്‍ ജാട്ട് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ജസ്വന്ത് സിംഗിനെ പിന്തുണച്ച് സുഷമ സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തി. ജസ്വന്ത് സിംഗിന് സീറ്റ് നല്‍കാത്ത പാര്‍ട്ടി നടപടി തന്നെ വേദനിപ്പിച്ചെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ബാര്‍മറില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗത്തിലല്ലെന്നും അവര്‍ പറഞ്ഞു.