ജസ്വന്ത് സിംഗിനെ ബിജെപിയില്‍നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണ് നടപടി. ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയോട് ഇടഞ്ഞ ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2009ല്‍ ജിന്നാ വിവാദത്തെ തുടര്‍ന്ന് ആറു വര്‍ഷത്തേക്ക് ജസ്വന്തിനെ ബിജെപി പുറത്താക്കിയിരുന്നു.

രാജസ്ഥാനിലെ തന്റെ ജന്മനാടായ ബാര്‍മറില്‍ ജനവിധി തേടാന്‍ അനുവദിക്കണമെന്നായിരുന്നു ജസ്വന്ത് സിംഗിന്റെ ആവശ്യം. എന്നാല്‍ ബിജെപി ഇത് തള്ളുകയായിരുന്നു. പകരം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംപി സോനാറാം ചൗധരിയെ ബിജെപി ബാര്‍മറില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ നിലപാടാണ് ജസ്വന്തിന് വിനയായത്. ജാട്ട് സമുദായത്തില്‍പെട്ട സോനാറാം ചൗധരിയെ നിര്‍ത്തിയാല്‍ ജാട്ട് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജസ്വന്ത് പത്രിക സമര്‍പ്പിച്ചെങ്കിലും മുതിര്‍ന്ന നേതാക്കളിടപെട്ട് അത് പിന്‍വലിപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ താന്‍ പത്രിക പിന്‍വലിക്കില്ലെന്നും പാര്‍ട്ടിക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നുമായിരുന്നു ജസ്വന്തിന്റെ നിലപാട്.

രാജസ്ഥാനിലെ എംഎല്‍എയും ജസ്വന്തിന്റെ മകനുമായ മന്‍വേന്ദ്ര സിംഗ് പാര്‍ട്ടിയില്‍ നിന്നും ഒരു മാസത്തെ അവധിയെടുത്തിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നുവെന്നാണ് വിശദീകരണം. ഇതിനുമുമ്പ് ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം ബാര്‍മറില്‍ നിന്ന് മത്സരിച്ചിട്ടില്ല. പതിനഞ്ചാം ലോക്‌സഭയില്‍ പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്നുള്ള അംഗമായിരുന്നു. അതിനുമുമ്പ് രാജസ്ഥാനിലെ ജോധ്പുരില്‍നിന്നും ചിത്തോര്‍ഗഢില്‍നിന്നുമാണ് ജസ്വന്ത് വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :