ജസ്റ്റിസ് ഗാംഗുലിക്കെതിരേ നടപടി; കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലൈംഗികാരോപണ വിധേയനായ ജസ്റ്റിസ് എ കെ ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും. ആരോപണത്തിന്റെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രം അറിയിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതിക്ക് കൈമാറും.

രാജിവെയ്ക്കില്ലെന്ന ജസ്റ്റിസ് ഗാംഗുലിയുടെ നിലപാടിനിടെയാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. യുവതിയുടെ പരാതിയിലെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരെ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മന്ത്രാലയം മറുപടി നല്‍കും.

മനുഷ്യാവകാശ നിയമ പ്രകാരം കമ്മീഷന്‍ അംഗത്തെ നീക്കണമെങ്കില്‍ ഔദ്യോഗികമായ അന്വേഷണം നടത്തണം. പ്രത്യേക റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി നടത്തുന്ന അന്വേഷണത്തില്‍ അംഗത്തിന്റെ ദുര്‍നടപ്പ് തെളിഞ്ഞാലേ നീക്കം ചെയ്തുകൊണ്ട് രാഷ്ട്രപതിക്ക് ഉത്തരവിറക്കാന്‍ കഴിയൂ. ജസ്റ്റിസ് ഗാംഗുലിക്കെതിരായ അരോപണങ്ങള്‍ ദുര്‍നടപ്പുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്രം രാഷ്ട്രപതിയെ അറിയിക്കും.

അതേസമയം ജഡ്ജിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഡല്‍ഹി പൊലീസിന്റെ പരിഗണനയിലാണ്. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവഅഭിഭാഷകയ്ക്ക് പോലീസ് വീണ്ടും സന്ദേശം അയച്ചു. യാത്രയില്‍ ആയതുകൊണ്ട് പിന്നീട് ബന്ധപ്പെടാമായിരുന്നു രണ്ട് തവണ ഇ മെയില്‍ അയച്ചപ്പോഴും അഭിഭാഷകയുടെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :