ജയിലില്‍ പാലും പഴങ്ങളും പത്രവും വേണമെന്ന് ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാള്‍ ജയിലില്‍ പോഷകസമൃദ്ധമായ ആഹാരം വേണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍. തിഹാര്‍ ജയിലില്‍ ഇതിന് സൌകര്യം ഒരുക്കണം എന്നാണ് പ്രതി വിനയ് ശര്‍മ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എയര്‍ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹമുള്ളതായി വിനയ് നേരത്തെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തയ്യാറെടുക്കാനായി പാല്‍, പഴങ്ങള്‍ എന്നിവ നല്‍കണം എന്നാണ് പ്രതിയുടെ ആവശ്യം. എയര്‍ഫോഴ്സ് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തനിക്ക് പത്രവും ലഭ്യമാക്കണമെന്നു വിനയ് കോടതിയില്‍ പറഞ്ഞു. അതേസമയം പ്രതിയുടെ ആവശ്യത്തില്‍ കോടതി തീഹാര്‍ ജയില്‍ അധികൃതരുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഗ്രേഡ് സി കാറ്റഗറി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനായി ഒരു അധ്യാപകനെ തനിക്ക് ലഭ്യമാക്കണം എന്ന് വിനയ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ദിവസേന വിചാരണ നടക്കുന്നത് തന്റെ പഠനത്തെ ബാധിക്കും. താന്‍ മാത്രമാണ് കുടുംബത്തിന്റെ അത്താണി എന്നും ഇയാള്‍ പറഞ്ഞു.
ബലാത്സംഗം പോലുള്ള ഗുരുതരകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എയര്‍ഫോഴ്സില്‍ പ്രവേശനം നല്‍കാറില്ല. കുറ്റവിമുക്തനായി പുറത്തുവന്നാല്‍ മാത്രമേ ഇയാള്‍ക്ക് ഇതിനുള്ള സാധ്യതകള്‍ ആരായാന്‍ പോലും കഴിയൂ.