നടി രേഖയുടെ രാജ്യസഭാ പ്രവേശനത്തിന്റെ പേരില്‍ ജയാ ബച്ചനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സമാജ്വാദി പാര്‍ട്ടി അംഗമായ ജയ രാജ്യസഭാ ടെലിവിഷനെതിരെ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ ജയയ്ക്ക് നേരെ കാമറ ഫോക്കസ് ചെയ്തതിനെതിരെയാണ് പരാതി.
ജയയുടെ പരാതിയില്‍ രാജ്യസഭാ ടിവി സിഇഒയെ വിളിച്ചുവരുത്തി രാജ്യസഭാ ചെയര്‍മാന്‍കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ ടിവി സംപ്രേക്ഷണം ചെയ്ത രംഗങ്ങള്‍ മറ്റു ടെലിവിഷന്‍ ചാനലുകളും പ്രാധാന്യത്തോടെ കാണിച്ചതാണ് ജയയെ ചൊടിപ്പിച്ചത്.
അമിതാഭ് ബച്ചന്റെ മുന്‍ കാമുകിയായ രേഖ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ജയയെ അഭിവാദ്യം ചെയ്തിരുന്നു. അവര്‍ പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു. രേഖയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയയും കയ്യടിച്ചു.
രേഖയും ജയയും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രേഖയെത്തുന്നതറിഞ്ഞ് ജയ രാജ്യസഭയിലെ സീറ്റ് മാറിയത് വാര്‍ത്തയായിരുന്നു.