ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്: മോഡിക്ക് ക്ലീന്‍‌ചിറ്റ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി അതിന്റെ പകര്‍പ്പ്, കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി എഹ്സാന്‍ ജഫ്രിയുടെ ഭാര്യയും ഹര്‍ജിക്കാരിയുമായ സാക്കിയ ജഫ്രിക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി നിയമിച്ച പ്രത്യേകാന്വേഷണസംഘം അന്വേഷണറിപ്പോര്‍ട്ടിനൊപ്പം കേസ് അവസാനിപ്പിക്കാനായി പ്രത്യേക ഹര്‍ജിയും അഹമ്മദാബാദിലെ കോടതിയില്‍ നല്‍കി. കലാപത്തിനിടെ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളില്‍നിന്നും മോഡിയെ മുക്തനാക്കി. നിഷ്ക്രിയത്വം പാലിച്ചു എന്നതുകൊണ്ടുമാത്രം മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയുടെ പരാതിയില്‍മേല്‍ ആയിരുന്നു അന്വേഷണം. കലാപകാരികളില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഫ്രി രാത്രിയില്‍ രണ്ടുതവണ മോഡിയെ വിളിച്ചിരുന്നുവെങ്കിലും സഹായമെത്തിയില്ലെന്നും അക്രമികളെ തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് സാക്കിയ ആരോപിച്ചത്. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണം കലാപകാരികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുപ്രീംകോടതി പ്രത്യേകാന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. മോഡിക്കും മറ്റ് 61 പേര്‍ക്കുമെതിരെയായിരുന്നു അന്വേഷണം നടത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :