ഗുജറാത്തി പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്ക് കത്തി !

ഗാന്ധിനഗര്‍| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (09:02 IST)
ഇനിമുതല്‍ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷാ ഭീതി കുറഞ്ഞേക്കും. പീഡനങ്ങളില്‍ നിന്ന് രക്ഷ നേടാനും സ്വയരക്ഷയ്ക്കും വേണ്ടി ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് കത്തി കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുമെന്ന് സംസ്ഥാന ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഗുജറാത്ത് ഡിജിപി ഷബീര്‍ ഹുസൈന്‍ ഷേക്കാദം ഖണ്ഡ്വവാല പുറത്തിറക്കിയ സര്‍ക്കുലറിലാണ് പെണ്‍കുട്ടികള്‍ കത്തി കൈവശം വയ്ക്കുന്നത് നിയമാനുസൃതമാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബലാത്സംഗം, അശ്ലീലപരമായ സമീപനം, മോഷണം എന്നിവ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ഇതിനെതിരെ ലഭ്യമായ വഴികളിലൂടെ മുന്നോട്ട് പോവുന്നതിന് പൊലീസിന് സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഡിജിപിയുടെ നടപടിക്ക് മോഡി സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഗുജറാത്തില്‍, പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത് എന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :