ഖുര്‍ഷിദിനെതിരെ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 12 ഫെബ്രുവരി 2012 (12:18 IST)
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ സംവരണ വാഗ്ദാനം ആവര്‍ത്തിച്ച നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തിന് തിരിച്ചടിയാകുന്നു. 27 ശതമാനം പിന്നോക്ക സംവരണമുള്ള മുസ്ലീങ്ങള്‍ക്ക് 9 ശതമാനം ഉപസംവരണം വേണമെന്ന മന്ത്രിയുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തിരിഞ്ഞ മന്ത്രി തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഖുര്‍ഷിദിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി. ഖുര്‍ഷിദിന്‍റെ പ്രചാരണം എല്ലാ അതിരുകളും ലംഘിച്ചെന്നും യുപി തെരഞ്ഞെടുപ്പു രംഗം താറുമാറാക്കുന്നുവെന്നും കാണിച്ചാണു കമ്മിഷന്‍റെ പരാതി. രാഷ്ട്രപതി ഭവന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ട്. ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :