വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. താന്‍ ഉള്‍പ്പെടെയുള്ള നാല് ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലുള്ള വിലക്ക് നീക്കണം എന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നത്.
ശാസ്ത്രലോകത്തിന് മികച്ച സംഭാവന നല്‍കിയ, അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയരായ ശാസ്ത്രജ്ഞരേയാണ് ചട്ടങ്ങള്‍ പാലിക്കാതെ വിലക്കിയിരിക്കുന്നതെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു. ഇത് ഒരു ആസൂത്രിത നീക്കമാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്നെ വിലക്കിയത് സംബന്ധിച്ച് ഇതുവരെ രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആന്‍ട്രിക്‌സ്-ദേവാസ് വിവാദ കരാറുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള നാല് ശാസ്ത്രജ്ഞരുടെയും ഭാഗം കേള്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് അവരുടെ വാദം അറിയിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണസ്വാമിയാണ് അറിയിച്ചത്.