തന്റെ എണ്‍പത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ കരുണാനിധി അസ്വസ്ഥനാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പറ്റിയ മാനസികാവസ്ഥയില്‍ അല്ല താന്‍ എന്നും അതിനാല്‍ ആഘോഷ പരിപാടികളില്‍ ഒന്നും പങ്കെടുക്കില്ല എന്നും കരുണാനിധി വ്യക്തമാക്കി.
പിറന്നാള്‍ ദിനത്തില്‍ തന്നെ വ്യക്തപരമായി സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കണമെന്ന് ആരും നിര്‍ബന്ധം പിടിക്കേണ്ടതില്ല. താന്‍ ഇത്തരത്തില്‍ പെരുമാറുന്നതില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ക്ഷമിക്കണമെന്നും കരുണാനിധി പറഞ്ഞു.
പിറന്നാള്‍ ദിനത്തില്‍ തീഹാര്‍ ജയിലിലെത്തി മകള്‍ കനിമൊഴിയെ സന്ദര്‍ശിക്കുന്നതിനായിരുന്നു കരുണാനിധി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി തനിക്കും ഡിഎംകെ നേതാക്കളായ ദുരൈ മുരുഗനും പൊന്മുടിക്കും കേന്ദ്രമന്ത്രി ജഗത്‌രക്ഷകനും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഉത്സാഹം നഷ്ടപ്പെട്ട കരുണാനിധി യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കരുണാനിധിയുടെ പിറന്നാള്‍ ആഘോഷമാക്കണമെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അണികളോട് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, കലൈഞ്ജറുടെ അസാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ക്ക് ഉദ്ദേശിച്ച ആവേശമുണ്ടാകില്ല എന്ന് ഉറപ്പായിരിക്കുകയാണ്.