ക്രിമിനല്‍ ഉദ്യോഗസ്ഥരെ വേണ്ടെന്ന് ഇന്‍ഫി

മൈസൂര്‍| WEBDUNIA|
ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഗോ എയര്‍ വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കി. ഇതിനുപുറമെ, ക്രിമിനല്‍ കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കമ്പനി സസ്പെന്‍ഡ് ചെയ്തു.

ഒക്ടോബര്‍ 25 ന് ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ കയറിക്കൂടാന്‍ വേണ്ടിയാണ് അഭിഷേക് ഗുപ്ത എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. വിമാനത്താവളത്തിലെത്താന്‍ താമസിക്കുമെന്നതിനാല്‍ വിമാനത്തിന്‍റെ യാത്ര അല്‍പ്പനേരത്തേക്ക് മുടക്കുകയായിരുന്നു ഉദ്ദേശം.

പല്ലവ് ചക്രവര്‍ത്തി, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഇന്‍ഫി ഉദ്യോഗസ്ഥര്‍. ചക്രവര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും കൃഷ്ണമൂര്‍ത്തിയെ ഒരു ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തത്.

ചക്രവര്‍ത്തിയെയും ഭാര്യ സിഞ്ചിതയെയും വീട്ടു ജോലിക്കാരിയായ 15 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. കമ്പനിയില്‍ ചേര്‍ന്ന് 15 ദിവസത്തിനുള്ളിലാണ് അറസ്റ്റ് നടന്നത്. ഒരു ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച കേസില്‍ ഡിസംബര്‍ മൂന്നിന് ആണ് കൃഷ്ണമൂര്‍ത്തിക്കെതിരെ കേസെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :