സംസ്ഥാനത്ത് അപരന്‍‌മാരുടെ മത്സരം

WEBDUNIA|
സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലെയും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. അപരന്‍‌മാരും വിമതന്‍‌മാരും ഇത്തവണയും സജീവമായി രംഗത്തുണ്ട്. മുഖ്യധാരാ പാര്‍ട്ടികളുടെ പല സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്‍‌മാര്‍ വന്‍‌ഭീഷണിയാണ് ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ ഒരേ പേരിലുള്ള പല സ്ഥാനാര്‍ത്ഥികള്‍ വരുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് രണ്ട് അപരന്‍‌മാരാണുള്ളത്. ഒരു അരൂര്‍ ശശിയും ഒരു തരൂര്‍ ശശിയുമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതനായിരുന്ന വിജയന്‍‌ തോമസ് പത്രിക പിന്‍‌വലിച്ചിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് കോട്ടയത്താണ്. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുറുപ്പിന് മൂന്ന് അപരന്‍‌മാരുണ്ട്. സുരേഷ് കുറുപ്പ്, സുരേഷ് കുറുമ്പന്‍ എന്നിങ്ങനെയാണ് അപരന്‍‌മാരുടെ പേരുകള്‍. സുരേഷ്കുറുപ്പിന്‍റെ എതിരാളിയായ ജോസ് കെ മാണിക്ക് എതിരായി ജോസ് കെ മാണിയെന്ന് തന്നെ പേരുള്ള അപരനുണ്ട്. ജോസ് എന്ന മറ്റൊരു അപരനും മത്സരിക്കുന്നു.

വടരകരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സതീദേവിക്കെതിരെ രണ്ട് പി സതീദേവിമാര്‍ രംഗത്തുണ്ട്. കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് എതിരെ മറ്റൊരു എം കെ രാഘവന്‍ ജനവിധി തേടുന്നു. ഒപ്പം കെ രാഘവന്‍ എന്നൊരു സ്ഥാനാര്‍ത്ഥിയും പട്ടികയിലുണ്ട്. കോഴിക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. മുഹമ്മദ് റിയാസിനും അപരന്‍‌മാരുടെ ശല്യമുണ്ട്. പി മുഹമ്മദ് റിയാസ്, പി റിയാസ് എന്നിവരാണ് അപരന്‍‌മാര്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയ കോലാഹലത്തിലൂടെ ശ്രദ്ധേയമായ പൊന്നാനിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് മൂന്ന് അപരന്‍‌മാരാണുള്ളത്. ഹുസൈന്‍ രണ്ടത്താണി, ഡോ. ഹുസൈന്‍, ഹുസൈന്‍ എടയത്ത് എന്നിവരാണ് അപരന്‍‌മാര്‍.

മലപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി കെ ഹംസയ്ക്കും അപരന്‍‌മാരുടെ ഭീഷണി ശക്തമാണ്. അഡ്വ. ഡി കെ ഹംസ, ഇ കെ ഹംസ എന്നിവരാണ് ടി കെ ഹംസയുടെ അപരന്‍‌മാര്‍. അപരന്‍‌മാരുടെ ഭീഷണി ഇത്തവണ മുന്നണികള്‍ ഗൌരവത്തോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ വി എം സുധീരന്‍റെ അപരനായ വി എസ് സുധീരന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. വി എം സുധീരന്‍ പരാജയപ്പെട്ടത് ആയിരത്തില്‍‌പരം വോട്ടുകള്‍ക്കാണ്.

പാലക്കാടും വടകരയിലും പൊന്നാനിയിലും സി പി എം വിമതര്‍ രംഗത്തെത്തിയത് സി പി എമ്മിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ വിമതനേതാവായ എം ആര്‍ മുരളി മത്സരരംഗത്തുണ്ട്. എന്‍ സി പിയുടെ സാന്നിധ്യവും ഇത്തവണ പല സ്ഥാനാര്‍ത്ഥികളുടെയും വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍‌പ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍ മത്സരിക്കുന്ന വയനാട്ടില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :