കോടതിയില്‍ കള്ളം പറഞ്ഞ സ്ത്രീക്ക് ശിക്ഷ രാജ്‌ഘട്ടില്‍ ഒരാഴ്ചത്തെ പ്രാര്‍ഥന

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോടതിയില്‍ സത്യം മാത്രമേ പറയൂ എന്ന പ്രതിജ്ഞ ചെയ്ത ശേഷം കള്ളം പറഞ്ഞ സ്ത്രീയോട് ശിക്ഷയായി മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ ഒരാഴ്ചത്തെ പ്രാര്‍ത്ഥന നടത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് കൈലാഷ് ഗംഭീറും ജസ്റ്റിസ് ഇന്ദര്‍മീറ്റ് കൗറും ഉള്‍പ്പെട്ട ബഞ്ചാണ് ഫറാ ഖാത്തൂണ്‍ എന്ന സ്ത്രീക്ക് പ്രാര്‍ത്ഥനാ ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. 21 ാം തിയതി ശനിയാഴ്ച മുതല്‍ ദിവസം കുറഞ്ഞത് നാലു മണിക്കൂറെങ്കിലും രാജ്ഘട്ടില്‍ ചെലവഴിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

മതം മാറി വിവാഹം കഴിച്ച ഫറാ ഖാത്തൂണിനെ അവരുടെ മാതാപിതാക്കള്‍ അനധികൃതമായി വീട്ടു തടങ്കലിലാക്കിയിരുക്കുകയാണെന്ന് കാട്ടി ഫറയുടെ ഭര്‍ത്താവ് രാകേഷ് നല്‍കിയ ഹര്‍ജിയിലാണ് വിധി. നവംബര്‍ 27 ന് കോടതിയില്‍ ഹാജരായ ഫറ താന്‍ രാകേഷിനെ വിവാഹം കഴിച്ചിട്ടില്ലെന്നും രാകേഷ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റും വിവാഹ ഫോട്ടോകളും മതംമാറ്റ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായ ഫറ താന്‍ മുമ്പ് പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും വീട്ടുകാരുടേയും ബന്ധുക്കളുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കളവു പറഞ്ഞതെന്നും മാപ്പു നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

തന്നോട് ആലോചിക്കാതെ രാകേഷ് തങ്ങള്‍ വിവാഹം കഴിച്ച കാര്യം തന്റെ മാതാപിതാക്കളോട് വെളിപ്പെടുത്തിയെന്നും അതിനാല്‍ താന്‍ സമ്മര്‍ദ്ദത്തിലായെന്നുമായിരുന്നു ഫറയുടെ വാദം. അതു കൊണ്ടാണ് കോടതിയില്‍ സത്യം ചെയ്ത ശേഷവും രാകേഷിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍ ഫറയുടെ വാദം തള്ളിയ കോടതി സമ്മര്‍ദ്ദത്തിന് വഴങ്ങി കള്ളം പറഞ്ഞുവെന്നത് അംഗീകരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് പുറമെ 2000 രൂപ പിഴയടയ്ക്കാനും അത് ഒരാഴ്ചയ്ക്കുള്ളില്‍ മഹാത്മാ ഗാന്ധി ട്രസ്റ്റിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :