കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു

ചെന്നൈ| WEBDUNIA|
PTI
PTI
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിലാസ്‌റാവു ദേശ്മുഖ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കരളിന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.

ചൊവ്വാഴ്ചയാണ് വിലാസ്‌റാവു ദേശ്മുഖിനെ മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു കാത്ത് നില്‍ക്കാതെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

1945 മെയ് 26-ന് മഹാരാഷ്ട്രയിലെ ലതുര്‍ ജില്ലയിലാണ് വിലാസ്‌റാവു ദേശ്മുഖ് ജനിച്ചത്. രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട് (1999-2003, 2004-2008). 2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വൈശാലി ദേശ്മുഖ് ആണ് ഭാര്യ. പ്രമുഖ ബോളിവുഡ് നടന്‍ റിതീഷ് ദേശ്മുഖ്, എംഎല്‍എ ആയ അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ് എന്നിവര്‍ മക്കളാണ്.

പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ദേശ്മുഖിന്‍റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ഉന്നതനായ നേതാവായിരുന്നു ദേശ്മുഖെന്നും അദ്ദേഹത്തിന്‍റെ മരണം തന്നെ ഞെട്ടിച്ചു എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

വിലാസ്റാവു ദേശ്മുഖിന്‍റെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :