കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങള്‍ മെയ് മാസം തുറക്കും
ഹരിദ്വാര്‍|
WEBDUNIA|
PTI
ഹിമാലയത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ മേയ് നാലു മുതലും ബദരീനാഥ് ക്ഷേത്രത്തില്‍ മേയ് അഞ്ചു മുതലും തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും.
ഇത്തവണ ദിവസം ആയിരം തീര്‍ഥാടകര്‍ എന്ന കണക്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വ്യക്‌തമാക്കി. തീര്‍ഥാടകര്‍ ബയോ മെട്രിക് റജിസ്ട്രേഷന്‍ നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
ചാര്‍ ധാം എന്നറിയപ്പെടുന്ന കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ എല്ലാം തീര്‍ഥാടകരെ സന്ദര്‍ശനത്തിന് അനുവദിക്കുമോ എന്ന കാര്യം ഇനിയും നിശ്ചയിച്ചിട്ടില്ല. രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി എന്നിവിടങ്ങളില്‍ അന്‍പതു സ്ഥലങ്ങള്‍ അപകട സാധ്യതയുള്ളതായി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ മേഘസ്ഫോടനത്തില്‍ കേദാര്‍നാഥിലെ ക്ഷേത്രം ഒഴികെയുള്ള കെട്ടിടങ്ങളെല്ലാം തകരുകയും റോഡുകള്‍ക്ക് കേടുപാടു സംഭവിക്കുകയും ആയിരക്കണക്കിന് തീര്‍ഥാടകര്‍ അപകടത്തില്‍പ്പെടുകയും ചെയ്‌തിരുന്നു. ഇപ്പോഴും ഈ ഭാഗത്ത് റോഡുകളുടെ നിര്‍മാണം നടക്കുന്നതേയുള്ളൂ.
സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഈ സേനയെ നിയോഗിക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്താന്‍ ഹെലിക്കോപ്റ്ററുകളും തയാറാക്കി നിര്‍ത്തും.