ഡെറാഡൂണ്|
rahul balan|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (15:04 IST)
ഉത്തരാഗണ്ഡില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി എം എല്‍ എ ഗണേഷ് ജോഷി രംഗത്ത്. സംഭവവുമായി തനിക്ക് യാതൊരു ബംന്ധവും ഇല്ലെന്ന നിലപാടിലാണ് ഗണേഷ് ജോഷി.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് എം എല്‍ എ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. മാര്‍ച്ചില്‍ താന്‍ പങ്കെടുത്തേയില്ലെന്ന വിചിത്രവാദമാണ് എം എല്‍ എ ഉയര്‍ത്തുന്നത്. മുസൂറിയില്‍ നിന്നുള്ള എം എല്‍ എയാണ് ഗണേഷ് ജോഷി.
സമൂഹമാധ്യമങ്ങളിലൂടെ ഗണേഷ് ജോഷി കുതിരയെ തല്ലുന്ന ദൃഷ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ജാക്കറ്റ് ധരിച്ച്, സണ്‍ഗ്ലാസുമിട്ട ഗണേഷ് ജോഷിയുടെ ദൃശ്യം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. താന്‍ ബ്രൗണ്‍ ജാക്കറ്റാണ് അന്ന് ധരിച്ചിരുന്നതെന്ന് സമ്മതിച്ച ഗണേഷ് ജോഷി, പക്ഷെ കുതിരയെ തല്ലിയിട്ടില്ലെന്നും മാര്‍ച്ചില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നയിക്കുന്ന ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബി ജെ പി നടത്തിയ പ്രക്ഷോഭം പൊലീസ് തടഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. അക്രമാസക്തരായ ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിനിടെ എം എല്‍ എ സംസ്ഥാന പൊലീസ് സേനയിലെ 'ശക്തിമാന്‍' എന്ന കുതിരയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു.
കുറുവടി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആഞ്ഞടിച്ച എം എല്‍ എയെ പ്രോത്സാഹിപ്പിച്ച് പ്രവര്‍ത്തകര്‍ ചുറ്റും കൂടിയതോടെ തുടര്‍ച്ചയായുള്ള അടിയേറ്റ് കുതിര നിലത്തു വീഴുകയായിരുന്നു. പ്രതിരോധിക്കാന്‍ വന്ന പൊലീസുകാര്‍ക്കുനേരെയും അക്രമം തുടര്‍ന്നു. കാലൊടിഞ്ഞ് നിലത്തുവീണ കുതിര അവശതയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് സൈനിക അക്കാഡമിയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുതിരയുടെ നില ദനയീമാണെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ ദത്തെ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി ജി പിയും അറിയിച്ചു.