കൊടും ക്രൂരതയ്ക്ക് ഒരു ഉദാഹരണം കൂടി. മുംബൈയില്‍, ആശുപത്രി ജനാലയിലൂടെ അമ്മ താഴേക്ക് എറിഞ്ഞ ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു!
മുംബൈയിലെ പരേലിലുള്ള കെഇഎം ആശുപത്രിയിലാണ് സംഭവം നടന്നത്. ദീപിക പാര്‍മര്‍ (26) എന്ന യുവതി ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍, കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടികളെ ഒക്ടോബര്‍ 20ന് കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എല്ലാവരും ഉറങ്ങുന്ന സമയത്താണ് പാര്‍മര്‍ തന്റെ പെണ്‍കുഞ്ഞിനെ ടോയ്‌ലറ്റിന്റെ ജനാലയിലൂടെ താഴേക്കെറിഞ്ഞത്. താഴെ മലിനജലവും ചവറും കെട്ടിക്കിടക്കുന്ന ഓടയിലാണ് കുഞ്ഞ് വീണത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കണ്ടെടുത്ത ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു.
കുഞ്ഞിനെ കാണാതായി എന്ന് പറഞ്ഞ് പാര്‍മര്‍ ബഹളം വച്ചതിനെ തുടര്‍ന്നായിരുന്നു കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍, ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം സിസി ക്യാമറ ഫൂട്ടേജുകള്‍ പരിശോധിച്ചപ്പോള്‍ പാര്‍മര്‍ തുണിയില്‍ പൊതിഞ്ഞ ഒരു കെട്ടുമായി ടോയ്‌ലറ്റ്യിലേക്ക് പോകുന്നതും തിരികെ വെറും കൈയ്യുമായി മടങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
പാര്‍മര്‍ ആദ്യം കുറ്റസമ്മതം നടത്തിയില്ല എങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ജനാലയിലൂടെ താഴേക്ക് എറിഞ്ഞു എന്ന് സമ്മതിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.