കസബ്‌ ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോര്‍ട്ട്

മുംബൈ| WEBDUNIA|
PRO
PRO
കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ നീതിപീഠം തൂക്കിലേറ്റിയ കൊടുംഭീകരന്‍ അജ്‌മല്‍ അമീര്‍ കസബ്‌ ആര്‍തര്‍ റോഡ്‌ ജയിലില്‍ തടവ്‌ കാലത്ത്‌ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോര്‍ട്ട്‌. തനിക്ക്‌ തെറ്റുപറ്റിയതായും മാപ്പ്‌ നല്‍കണമെന്നും അവസാനം പറഞ്ഞതായി ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍. ഇതാദ്യമായിട്ടാണ്‌ മുംബൈ ഭീകരാക്രമണ കേസ്‌ പ്രതി കസബുമായി ബന്ധപ്പെട്ട ഒരു സംഭവം പാട്ടീല്‍ പുറത്തുവിടുന്നത്‌.

ഏറെ വൈചിത്ര്യമാര്‍ന്ന സ്വഭാവമായിരുന്നു കസബിന്റേത്‌. രാത്രിയില്‍ സെല്ലില്‍ നടക്കുമായിരുന്ന കസബ്‌ ഉറങ്ങിയിരുന്നത്‌ പലപ്പോഴും പകലായിരുന്നു. കാരണമില്ലാതെ തന്നെ പൊട്ടിത്തെറിക്കുമായിരുന്ന കസബ്‌ ജൂഡോയിലുള്ള തന്റെ പ്രാവീണ്യം ഗാര്‍ഡുകള്‍ക്ക്‌ മുന്നില്‍ പ്രയോഗിക്കുമായിരുന്നു. മനോനില തെറ്റുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ ആക്രമിക്കും. കസബിന്റെ സെല്ലിലേക്ക്‌ കടക്കുന്ന ഉദ്യോഗസ്‌ഥര്‍ സുരക്ഷാ സംവിധാനവുമായിട്ടേ സെല്ലില്‍ കടക്കാറുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ കിടക്കാന്‍ കൊടുത്ത ഷീറ്റ്‌ കീറി സ്വന്തം കഴുത്തില്‍ മുറുക്കി. ഇതു കണ്ട സുരക്ഷാ ഉദ്യോഗസ്‌ഥന്‍ പാഞ്ഞെത്തി തുണി പിടിച്ചു വാങ്ങിയതായി പാട്ടില്‍ പറയുന്നു.

അറസ്‌റ്റിലായ സമയത്ത്‌ യാതൊരു ഭാവഭേദവും കാട്ടാതിരുന്ന കസബ്‌ പിന്നീട്‌ പൂനെ യെര്‍വാഡ ജയിലില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോള്‍ ഞെട്ടി. പതര്‍ച്ചയോടെ കൊലമരത്തിലേക്ക്‌ നടന്ന കസബ്‌ ദയയ്‌ക്കായി യാചിച്ചു. ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും വീട്ടില്‍ ഒരു കുഞ്ഞനുജത്തി ഉണ്ടെന്നും ക്ഷമിക്കണമെന്നും ആയിരുന്നു കസബിന്റെ അവസാനത്തെ വാക്ക്‌. ഓപ്പറേഷന്‍ എക്‌സ് എന്നായിരുന്നു കസബിന്റെ വധശിക്ഷയ്‌ക്ക് നല്‍കിയ പേര്‌. ഇതിനായി കസബിനെ മുംബൈയില്‍ നിന്നും പൂനെയിലേക്ക്‌ അനുഗമിച്ച പോലീസുകാരോട്‌ സെല്‍ഫോണ്‍ മുംബൈയിലെ ജയിലില്‍ തന്നെ വെച്ചേക്കാനും നിര്‍ദേശിച്ചിരുന്നതായി പാട്ടില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :