മുംബൈ ഭീകരാക്രണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വിവരാവകാശ നിയമം വഴി കസബിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയപ്പോഴാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ പ്രതികരണം.
കസബിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്ര താത്പര്യങ്ങളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയെയും ഇന്ത്യയുടെ ശാസ്ത്രീയ-സാമ്പത്തിക താല്പര്യങ്ങളെയും ഇത് ബാധിക്കും. 2005 വിവരാവകാശ നിയമം 8(എ)(ജി)(എച്ച്) വകുപ്പ് പ്രകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കസബ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി, കസബിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടങ്ങിയവയാണ് വിവരാവകാശ നിയമം വഴി ഗംഗാലി തേടിയത്.
കസബിനെ തൂറ്റിലേറ്റി മറവു ചെയ്തു. ഇനിയും സര്‍ക്കാര്‍ എന്തിനാണ് ഇതൊക്കെ ഒളിക്കാന്‍ ശ്രമിക്കുന്നതെന്ന് ഗംഗാലി ചോദിച്ചു. 2012 നവംബര്‍ 21ന് പൂനെ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ ആണ് കസബിനെ തൂക്കിലേറ്റിയത്.