കവര്‍ച്ചാസംഘത്തെ വാള്‍ ചുഴറ്റിപ്പായിച്ചു; ഭോപ്പാലിന്റെ പെണ്‍പുലി!

ഭോപ്പാല്‍| Last Updated: വ്യാഴം, 8 ജനുവരി 2015 (18:50 IST)
ആയുധധാരികളായ കവര്‍ച്ചക്കാരെ വാള്‍ ചുഴറ്റി ഓടിച്ച 21കാരി ചരണ്‍പ്രീത് കൌര്‍ ഭോപ്പാലില്‍ ഹീറോയായി. കവര്‍ച്ചസംഘത്തെ തന്റെ വീട്ടില്‍ നിന്നുമാണ് വാള്‍ ചുഴറ്റി ഈ മിടുക്കി ഓടിച്ചത്. ഏതായാലും ഭോപ്പാലിലെ ഈ മിടുക്കിയെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൌര്‍ നേരിട്ടെത്തി അഭിനന്ദിച്ചിരിക്കുകയാണ്. ധീരതയ്ക്കുള്ള അവാര്‍ഡിനായി ഈ മിടുക്കിയുടെ പേര് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാംവര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ് ചരണ്‍പ്രീത് കൌര്‍ . ബുധാനാഴ്ച രാവിലെ വീടിന്റെ മുകളിലത്തെ നിലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചില ശബ്‌ദങ്ങള്‍ ചരണ്‍പ്രീത് കേട്ടത്. നോക്കിയപ്പോള്‍ , മുഖംമൂടി ധരിച്ച ചിലര്‍ തന്റെ വീട് ലക്‌ഷ്യമാക്കി പതുങ്ങി വരുന്നതാണ് അവള്‍ കണ്ടത്.

ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. മതപരമായ കാര്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലടി നീളമുള്ള വാളിന്റെ കാര്യം അപ്പോഴാണ് അവളുടെ മനസ്സിലേക്ക് എത്തിയത്. ഒട്ടും മടിക്കാതെ വാള്‍ കൈയിലെടുത്ത് ചുഴറ്റി കവര്‍ച്ചക്കാരുടെ സംഘത്തിന്റെ നേര്‍ക്ക് ഓടിയടുത്തു. വാള്‍ ചുഴറ്റി അലറിവിളിച്ച് തങ്ങളുടെ നേരെ ഓടിവരുന്ന പെണ്‍കുട്ടിയെ കണ്ട കവര്‍ച്ചസംഘം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :