മറന്നോ നിങ്ങള്‍ ഭോപ്പാലിലെ ആ ഡിസംബര്‍ രണ്ടിനെ?

ഭോപ്പാല്‍| VISHNU.NL| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (11:38 IST)
ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാല്‍ ദുരന്തത്തിന് ഇന്ന് 30 വയസ്. 1984 ഡിസംബര്‍ രണ്ടിനായിരുന്നു ലോകത്തേയും സ്വതന്ത്ര ഇന്ത്യയേയും മരണത്തിന്റെ മണം പുറ്റപ്പിച്ച ഭോപ്പാല്‍ ദുരന്തം നടന്നത്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ യുണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാല്‍ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതകച്ചോര്‍ച്ചയില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്.

കമ്പനിയുടെ ഭോപ്പാലിലുള്ള കീടനാശിനി പ്ളാന്റില്‍ നിന്നു ചോര്‍ന്ന മീഥൈല്‍ ഐസോ സയനേറ്റ് (എംഐസി) എന്ന വിഷവാതകമായിരുന്നു ദുരന്തത്തിന് കാരണമായത്. അതിരാവിലെ എല്ലാവരും സ്വന്തം വീടുകളില്‍ ഉറക്കത്തിന്റെ ആലസ്യത്തില്‍ കഴിയുമ്പോഴാണ് മരണം അവരെ വിളിച്ചുകൊണ്ട്പോയത്. ജീവന്‍ രക്ഷിക്കാന്‍ പിടഞ്ഞോടിയവരെ മരണം ദയവില്ലാതെ പിറകെ ചെന്ന് പിടികൂടി. ഇരുട്ടിനും കാറ്റിനുമൊപ്പം അന്ന് ഭോപ്പാലില്‍ പറന്ന് നടന്നത് മരണമായിരുന്നു, വിഷവാതകത്തിന്റെ രൂപത്തില്‍.

അന്ന് കൊല്ലപ്പെട്ടത് 2259 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. പിന്നീടത് 3789 പേര്‍ എന്നായി. എണ്ണായിരത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുമുണ്ട്. ഏഴു ലക്ഷത്തിനു മീതെയായിരുന്നു അന്ന് നഗര ജനസംഖ്യ. മീഥൈല്‍ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിന്‍ എന്ന കീടനാശിനി ഉണ്ടാക്കുന്ന പ്ളാന്റായിരുന്നു ഭോപ്പാലിലേത്. 42 ടണ്‍ മീഥൈല്‍ ഐസോ സയനേറ്റാണ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ വെള്ളം കയറിയതാണ് അപകടകാരണമെന്നായിരുന്നു വിശദീകരണം.

രാത്രി പതിനൊന്നരയോടെ പ്ളാന്റിലെ ജീവനക്കാര്‍ക്കു കണ്ണെരിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് എവിടെയോ വാതക ചോര്‍ച്ച ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. പക്ഷെ അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. ടാങ്കിന്റെ താപനിലയും മര്‍ദവും ക്രമാതീതമായി കൂടി മുകളിലുള്ള കോണ്‍ക്രീറ്റ് സ്ളാബ് ശബ്ദത്തോടെ ഇളകാന്‍ തുടങ്ങി. വീടുകളില്‍ താമസിച്ചിരുന്നവര്‍ കണ്ണുനീറ്റലും ശ്വാസതടസ്സവും കാരണം പരിഭ്രാന്തരായി വീടുകളില്‍ നിന്നു പുറത്തു ചാടി.

പക്ഷെ ആര്‍ക്കും അധിക ദൂരം നീങ്ങാന്‍ കഴിഞ്ഞില്ല.
ചുമയും ഛര്‍ദിയും അവരെ തളര്‍ത്തി. വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ പരക്കം പാഞ്ഞവര്‍ വഴിയില്‍ കുഴഞ്ഞുവീണു. നേരം വെളുത്തപ്പോള്‍ ഭോപ്പാല്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാസ് ചേംബര്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി. വഴികള്‍, കടകള്‍, വാഹനങ്ങള്‍, റയില്‍‌വേ പ്ലാറ്റ്ഫോമുകള്‍, വീടുകള്‍, തുടങ്ങി എല്ലായിടത്തും മനുഷ്യരുടേയും, കന്നുകാലികളുടേയും പക്ഷികളുടേയും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞു.

ജീവന്‍ തിരിച്ചുകിട്ടിയവരാകട്ടെ മരിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ അന്ധരായി. ഗര്‍ഭം അലസല്‍, ചാപിള്ളകളെ പ്രസവിക്കല്‍, പേശികള്‍ക്കു ബലക്ഷയം, കുടല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഈ ദുരന്തം സൃഷ്ടിച്ച നരകയാതനകള്‍ക്കു ഇന്നും കയ്യും കണക്കുമില്ല.
ദുരന്തത്തിന്റെ ബാക്കിപത്രംപോലെ ഇപ്പോഴും ജന്മമെടുക്കുന്ന കുരുന്നകള്‍ ജീവിക്കുന്നു.

1984 ഡിസംബര്‍ ഏഴിന് യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ അറസ്റ്റ് ചെയ്ത് 25,000 രൂപ ജാമ്യത്തില്‍ വിടുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ആന്‍ഡേഴ്സണേ പിടികുടാന്‍ പിന്നീട് വന്ന പല ഭരനകൂടത്തിനും കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഇയാള്‍ മരണമടഞ്ഞു. ദുരന്തത്തിനിരയായവര്‍ നീതി തേടുമ്പോഴും കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കാന്‍ ഇനിയും ഭരണകൂടത്തിനായിട്ടില്ല. 2001ല്‍, ദുരന്തം ഉണ്ടായി 17 വര്‍ഷങ്ങള്‍ക്കു ശേഷം യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെ ഡൌ കെമിക്കല്‍ കമ്പനി വാങ്ങി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :