കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമാണ് ഐ പി എല്‍ നിക്ഷേപങ്ങള്‍ എന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ പട്ടികയില്‍ കൊച്ചി ഐ പി എല്‍ ടീമില്‍ നിക്ഷേപമുള്ളവരും ഉള്‍പ്പെടുന്നതായാണ് സൂചന. ‘തെഹല്‍ക’ പുറത്തുവിട്ടു കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയിലെ രണ്ടു പേരുകളാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദിലീപ് മേത്ത, അരുണ്‍ മേത്ത എന്നിവരാണിവര്‍.
12 വ്യക്തികളുടെയും മൂന്നു ട്രസ്റ്റുകളുടെയും പേരുകളാണ് ‘തെല്‍ഹക’ വെള്ളിയാഴ്ച പുറത്തുവിട്ടത്. ജര്‍മ്മനിയിലെ ലീച്ചന്‍സ്റ്റീന്‍ എല്‍ ജി ടി ബാങ്കിലാണ് ഇവര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. മനോജ് ധുപേലിയ, രാഹുല്‍ ധുപേലിയ, മോഹന്‍ ധുപേലിയ, ഹാസ്മുഖ് ഗാന്ധി, ചിന്തന്‍ ഗാന്ധി, ദിലീപ് മേത്ത, അരുണ്‍ മേത്ത, അരുണ്‍ കൊച്ചാര്‍, ഗുണ്‍വന്തി മേത്ത, രജനീകാന്ത് മേത്ത, പ്രബോദ് മേത്ത, അശോക് ജയ്പുരിയ എന്നീ വ്യക്തികളുടെ പേരുകളാണ് പട്ടികയിലുള്ളത്. രാജ് ഫൗണ്ടേഷന്‍, ഉര്‍വശി ഫൗണ്ടേഷന്‍, അംബ്രുനോവ എന്നിവയാണ് ട്രസ്‌റ്റുകള്‍.
18 പേരുടെ പട്ടികയാണ് തങ്ങളുടെ പക്കലുള്ളതെന്നും മൂന്നു പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ‘തെല്‍ഹക’ വ്യക്തമാക്കി.
നികുതി നല്‍കാത്ത പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് അപ്രായോഗികമാണെന്നും 17 നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചതായും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
കള്ളപ്പണ നിക്ഷേപകരായ ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതു ഗുരുതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിനോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് പ്രമുഖ നിയമജ്ഞന്‍ രാംജെഠ്മലാനി ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു.