കല്‍ക്കരിപ്പാടം: അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നു റിപ്പോര്‍ട്ട്. കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ടു റിപ്പോര്‍ട്ട് മയപ്പെടുത്തിയെന്നാണ് ആരോപണം. സിബിഐയെ സര്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു ബിജെപി നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് സിബിഐ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ ഓഫിസിലേക്കു വിളിച്ചുവരുത്തിയതായാണ് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുന്‍പ് ചില മാറ്റങ്ങള്‍ വരുത്താന്‍ നിയമമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. യോഗത്തിനുശേഷം ചില മയപ്പെടുത്തലുകള്‍ വരുത്തിയാണു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, റിപ്പോര്‍ട്ട് ഊഹാപോഹം മാത്രമാണെന്നു സിബിഐ പ്രതികരിച്ചു. സിബിഐയെ സര്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണെന്നു ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു. അന്വേഷണം സിബിഐയില്‍നിന്നു മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും പ്രതികരിച്ചു. സിബിഐ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലെ അപാകതകളാണു സിബിഐ അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :