കണ്‍ഫോമാകാതെ തല്‍ക്കാലികമായി ചില റെയില്‍വെ മന്ത്രിമാര്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
യുപിഎ സര്‍ക്കാരില്‍ ഏറ്റവുമധികം മന്ത്രിമാര്‍ ഭരിച്ചിറങ്ങിയ വകുപ്പായി റെയില്‍വെ. പവന്‍ കുമാര്‍ ബന്‍സലുള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് നാല് വര്‍ഷത്തിനിടയില്‍ ഈ വകുപ്പ് ഭരിച്ച് കസേര തെറിച്ചത്. പലര്‍ക്കും തിക്താനുഭവങ്ങളോടെയാണ് പടിയിറങ്ങേണ്ടി വന്നത്.
കേന്ദ്ര സര്‍ക്കാര്‍ കൂട്ടുകൃഷിയായതോടെ 2009ല്‍ ആദ്യം റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്‌തത് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയായിരുന്നു. പശ്ചിമ ബംഗാളിന്റെ മാത്രം റെയില്‍വെ മന്ത്രിയായി പ്രവര്‍ത്തിച്ച മമത മുഖ്യമന്ത്രിയായി പോയതോടെ അടുത്ത ഊഴം ദിനേഷ് തൃവേദിയുടേതായി.2011ല്‍ സ്ഥാനമേറ്റ ത്രിവേദി 2012 ലെ ബജറ്റില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചു.
യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി ത്രിവേദിയോട് വകുപ്പ് രാജി വെയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പകരം എത്തിയത് മമതയുടെ വിശ്വസ്തന്‍ മുകുള്‍ റോയ്.
അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് മമത യുപിഎയും മുകുള്‍ റോയ് റെയില്‍വെയെയും ഉപേക്ഷിച്ചു. പിന്നീട് റെയില്‍ വെ ഒരു മാസത്തോളം സി പി ജോഷിക്കൊപ്പം.
സിപി ജോഷി ഒരു മാസത്തിന് ശേഷം പദവി കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വലംകൈയ്യായ പവന്‍കുമാര്‍ ബന്‍സലിന്. 2012 ഒക്ടോബറില്‍ 16 വര്‍ഷത്തിന് ശേഷം ഒരു കോണ്‍ഗ്രസ്സ് നേതാവ് റെയില്‍വെ മന്ത്രിയുടെ കസേരയിലെത്തി.
പരിഷ്‌കാര നടപടികള്‍ ഓരോന്നായി നടത്തി വരുമ്പോഴാണ് മരുമകന്‍ വാങ്ങിയ കൈക്കൂലി പവന്‍ കുമാര്‍ ബന്‌സിലിന് അപ്രതീക്ഷിതമായി തിരിച്ചടി ആയത്. സിബിഐയുടെ ശക്തമായ നിലപാട് പവന്‍കുമാറിന്റെ രാജിയിലെത്തിക്കുകയും ചെയ്തു.
അഞ്ചു വര്‍ഷം നീളുന്ന ഭരണം നാല് വര്‍ഷം തികയ്‌ക്കുന്നതിന് മുമ്പായി റെയില്‍വേ വകുപ്പ് കൈകകാര്യം ചെയ്യാന്‍ ആറാമനെ തിരയേണ്ട ഗതികേടിലാണ് കേന്ദ്ര സര്‍ക്കാര്‍. പാതിവഴിയില്‍ പാളം തെറ്റി പുറത്താകുകയാണ് മന്ത്രിമാര്‍. വകുപ്പ് ഏറ്റെടുക്കുന്നവര്‍ വാഴുന്നില്ലെന്നതാണ് പ്രതിസന്ധി.