കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) മൊഴി നല്‍കില്ലെന്ന് ഇറ്റാലിയന്‍ നാവികര്‍.
ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസന്വേഷണത്തിനായുള്ള മൊഴി നല്‍കാന്‍ തയാറാകാത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് നാവികരെ ചോദ്യം ചെയ്യാനും അനുമതി നല്‍കില്ലെന്ന് ഇറ്റലി സര്‍ക്കാര്‍ അറിയിച്ചു. ഇവരിപ്പോള്‍ ഇറ്റലിയിലാണുള്ളത്.
വധശിക്ഷ ലഭിക്കുന്ന 'സുവ' നിയമം ഒഴിവാക്കിയെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ രഹസ്യഉറപ്പിനെ തുടര്‍ന്നാണ് ജാമ്യത്തിലിറങ്ങി ഇറ്റലിയിലേക്ക് മുങ്ങിയ പ്രതികള്‍ തിരിച്ച് ഇന്ത്യയിലെത്തി കീഴടങ്ങിയത്. ഈ നിയമം ഒഴിവാക്കിയാല്‍ കൊലക്കുറ്റത്തിനോ മനഃപൂര്‍വമല്ലാത്ത നരഹത്യക്കോ ശിക്ഷിക്കാം.
അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസല്ല ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വധശിക്ഷ ലഭിക്കണമെന്നില്ല. ഏഴുകൊല്ലം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എന്നാല്‍ വീണ്ടും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍നിന്നു വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.