കടല്‍ കൊലക്കേസ് സിബിഐക്ക് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ എന്‍ഐഎയുടെ അന്വേഷണ പുരോഗതി സുപ്രീംകോടതിയെ അറിയിക്കും. കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.
കടല്‍കൊല കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദേശീയ സുരക്ഷയ്ക്ക് എതിരെയുള്ള കേസുകളാണ് എന്‍ഐഎ അന്വേഷിക്കേണ്ടതെന്നായിരുന്നു അഭിപ്രായങ്ങള്‍.
എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്‍ഐഎ തന്നെ കേസ് അന്വേഷിക്കും. കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്‍റെ പുരോഗതിയും ഇതുവരെയുള്ള നടപടിക്രമങ്ങളും കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വധി പറഞ്ഞു.
കേരളാ പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് എന്‍ഐഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും വ്യക്തമാക്കി. അടുത്ത നടപടികള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ചൊവ്വാഴ്ച കേസില്‍ സുപ്രീംകോടതി നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.