ഐജിഐ റഡാര്‍ വീണ്ടും പണിമുടക്കി

ന്യൂഡല്‍ഹി| WEBDUNIA|
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് വ്യോമാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന അവസരത്തില്‍, ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം വീണ്ടും തകരാറിലായി. ചൊവ്വാഴ്ച രാത്രി 1:30 മുതല്‍ മൂന്ന് മണിക്കൂര്‍ നേരം റഡാര്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് വ്യോമാക്രമണ ഭീഷണി ഏറ്റവും അധികമായ സമയത്താണ് രാജ്യ തലസ്ഥാനത്തെ റഡാര്‍ സംവിധാനം രണ്ടാം തവണയും തകരാറിലായത്. റഡാര്‍ സ്ക്രീനുകള്‍ ശൂന്യമായ സമയത്ത് 12 വിമാനങ്ങള്‍ ഡല്‍ഹി വ്യോമ മേഖലയില്‍ ഉണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വിമാനത്താവളത്തിലെ രണ്ട് കണ്‍സോളുകളും രണ്ട് റഡാറുകളുമാണ് പ്രവര്‍ത്തന രഹിതമായത്. വിമാനത്തിന്റെ വേഗത, ഉയരം, കോള്‍-സൈന്‍സ് എന്നിവ കണ്‍സോളുകളിലാണ് തെളിയുന്നത്. മൂന്ന് മണിക്കൂറോളം ഐജി‌ഐ വിമാനത്താവളത്തില്‍ ഒരേയൊരു കണ്‍സോള്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.

ജനുവരി 14 ന് ആണ് സമാനമായ മറ്റൊരു സംഭവം നടന്നത്. അന്ന് വിമാനത്താവളത്തിലെ എല്ലാ റഡാറുകളും മൂന്ന് മണിക്കൂറോളം നിശ്ചലമായി. ഇതെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :