ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപം: മരണസംഖ്യ 28 ആയി

ലക്‌നൗ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. പ്രദേശത്ത് കര്‍ഫ്യു തുടരുകയാണ്. കലാപവുമായി ബന്ധപ്പെട്ട് 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ബിജെപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് നേതാവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ബിജെപി എംഎല്‍എമാരായ ഹുക്കും സിംഗ്, സംഗീത് സോം, ഭര്‍ത്തേന്ദു സിംഗ്, സുരേഷ് റാണ, മുന്‍ കോണ്‍ഗ്രസ് എംപി ഹരേന്ദ്ര മാലിക് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് തികെത് എന്നിവരാണ് കലാപത്തില്‍ അറസ്റ്റിലായ നേതാക്കള്‍. എണ്ണൂറിലധികം സൈനികരെയും 38 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സൈന്യം വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന ഊര്‍ജിതമാക്കി. ചില മേഖലയില്‍ നിന്ന് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍ ഏര്‍പ്പെടരുതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടു.

പഞ്ചായത്ത് യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇരു സംഘങ്ങള്‍ ഏറ്റുമുട്ടിയതാണ് നിലവിലെ കലാപത്തിലേക്ക് നയിച്ചത്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും പോലീസ് ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ വര്‍ഷം വര്‍ഗീയ കലാപങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.

സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പാര്‍ട്ടിനേതാവ് മുലായം സിംഗ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മോശം ഭരണകര്‍ത്താവെന്ന പേരാണ് അഖിലേഷ് യാദവിന് നേടിക്കൊടുക്കുകയെന്നും മുലായം മകന് മുന്നറിയിപ്പ് നല്‍കി.

അതേസമയം കലാപവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചു. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ ബി എല്‍ ജോഷി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സംഘര്‍ഷത്തിന് അയവില്ലാത്തതിനാല്‍ കവാല്‍, നായ്മണ്ഡി, കോട്വാലി എന്നീ മേഖലകളില്‍ കര്‍ഫ്യു തുടരുകയാണ്. കഴിഞ്ഞ മാസം 27ന് മൂന്ന് പേര്‍ കൊല്ലപ്പെട്ട പ്രദേശമാണ് കവാല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :