കാലവര്‍ഷക്കെടുതി; മരണം 14, മരണസംഖ്യ ഉയര്‍ന്നേക്കും

തൊടുപുഴ| WEBDUNIA|
PRO
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും 14 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തടിയമ്പാട് ഉറുമ്പ് തടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന, ജോസ്‌നി, കുഞ്ചിത്തണ്ണി വരിക്കേരി പാപ്പച്ചന്റെ ഭാര്യ തങ്കമ്മ, മാമലക്കാട് പീതാംബരന്റെ ഭാര്യ ശാരദ, തങ്കമ്മ എന്നിവരാണ് മരിച്ച സ്ത്രീകള്‍.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കൊല്ലം- തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. തൊമ്മന്‍കുത്ത്, മനയത്തടം, മുരിക്കാശ്ശേരി, ചെറുതോണി, മുള്ളരിങ്ങാട്, പെരിങ്ങാശ്ശേരി, മൂലക്കാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കല്ലാര്‍കുട്ടി, ലേവര്‍പെരിയാര്‍, മലങ്കര, പെന്‍മുടി, ചെങ്കുളം അണക്കെട്ടുകള്‍ തുറന്നു. നേര്യമംഗലം- ഇടുക്കി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴക്കെടുതി രൂക്ഷമാകുകയാണ് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പാവൂരില്‍ കോടനാട് ഒഴിക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.

അതേ സമയം ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കോണത്ത് നിന്ന് ദുരന്തനിവാരണ സേനയെ സംഭവസ്ഥലത്തേക്ക് അയക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രതിരോധ മന്ത്രിയുമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാര്‍ ഇതിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കി ജില്ലയിലാകെ ഇരുന്നൂറ് കിലോമീറ്റര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഇടുക്കിയില്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂം തുറന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി 10000 രൂപ ധനസഹായവും നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :