Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (18:46 IST)
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പിണറായി വിജയനായിരിക്കും മുഖ്യമന്ത്രി എന്നത് ഏതാണ്ട് ഉറപ്പായ സംഗതിയാണ്. ആ ഉറപ്പിനെ ദുര്‍ബലമാക്കുന്ന ഒരു കാര്യമേയുള്ളൂ - ലാവ്‌ലിന്‍ കേസ്. മുഖ്യമന്ത്രിപദത്തിലേക്കുള്ള പിണറായിയുടെ അശ്വമേധം തടയാനുള്ള കരുത്ത് ഇപ്പോഴും ലാവ്‌ലിന്‍ കേസിനുണ്ടെന്നതാണ് വസ്തുത.
കേസ് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണ്. പിണറായി ഉള്‍പ്പടെ കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ
സി ബി ഐ പ്രത്യേകകോടതിയുടെ വിധിക്കെതിരെ സി ബി ഐയും ക്രൈം നന്ദകുമാറുമാണ് കോടതിയെ സമീപിച്ചത്. സി ബി ഐയുടെ വാദങ്ങളായിരിക്കും വ്യാഴാഴ്ച കോടതിയില്‍ നടക്കുന്നത്.
ജസ്റ്റിസ് പി ഉബൈദിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലാവ്‌ലിന്‍ കേസിലെ പ്രതികളെ വിചാരണപോലും കൂടാതെ കുറ്റവിമുക്തമാക്കിയ നടപടി സംശയങ്ങള്‍ക്കിടയാക്കുന്നതാണെന്ന് ജസ്റ്റിസ് ഉബൈദിന്‍റെ ബഞ്ച് തന്നെയാണ് നേരത്തേ അഭിപ്രായപ്പെട്ടത്.
ഈ കേസില്‍ സി ബി ഐയുടെ ഹര്‍ജി എത്രയും വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത് കേരള രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ലാവ്‌ലിന്‍ കേസ് വീണ്ടും പിണറായി വിജയന് വഴിമുടക്കിയാകുമോ എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.