ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടുന്നത് തടയാന്‍ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേലെ മാന്‍സിനി രാജ്യം വിടുന്നത് തടയാന്‍ ജാഗ്രത. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അംബാസഡര്‍ രാജ്യം വിട്ടുപോകരുതെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികര്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന വിവരത്തെ തുടര്‍ന്നാണ് ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നാവികര്‍ എന്തുകൊണ്ട് ഇന്ത്യയില്‍ തിരിച്ചുവരില്ലെന്ന് മാര്‍ച്ച്18നകം വ്യക്തമാക്കണമെന്ന് കാണിച്ച് കോടതി അംബാസഡര്‍ക്ക് നോട്ടീസ് അയച്ചു. അതുവരെ അംബാസഡര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദ്ദേശം. അംബാസഡര്‍ 18ന് സുപ്രീംകോടതിയില്‍ ഹാജരാകണം. രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ നാവികര്‍ ഇനി തിരിച്ചുവരില്ലെന്ന വിഷയത്തില്‍ അംബാസിഡര്‍ക്ക് കേന്ദ്രസര്‍ക്കാരും നോട്ടീസയച്ചിട്ടുണ്ട്.

ചീഫ്‌ ജസ്റ്റീസ്‌ അല്‍ത്തമാസ്‌ കബീര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ നാവികര്‍ക്ക്‌ നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്‌. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ്‌ ഇവരെ നാട്ടിലേക്ക്‌ അയച്ചത്. ഫെബ്രുവരി 24-25 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാണ് ഇരുവരും അനുമതി തേടിയത്. നേരത്തെ ക്രിസ്തുമസിന് നാട്ടില്‍ പോയ നാവികര്‍ തിരിച്ചെത്തി വാക്ക് പാലിച്ചിരുന്നു. എന്നാല്‍ രണ്ടാമത് നാട്ടില്‍ എത്തിയ അവര്‍ നിലപാട് മാറ്റുകയായിരുന്നു.

2012 ഫിബ്രവരി 15നാണ് കടല്‍ക്കൊല നടന്നത്. നീണ്ടകര തുറമുഖത്തിനടുത്ത് കടലില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍ റികലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മീന്‍പിടിത്തക്കാര്‍ മരിക്കുകയായിരുന്നു. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍-50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണിവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :