ഇന്റര്‍നെറ്റും സൈക്കിളും: ഒരു ഇന്ത്യാ-പാക് പ്രണയകഥ!

അമൃത്‌സര്‍| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍കാരിയായ കാമുകിയെ കാണാന്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. അമൃത്‌സര്‍ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച കാമുകനെ ബി എസ് എഫുകാര്‍ കൈയോടെ പിടിക്കുകയായിരുന്നു.

ഫറൂഖാബാദ് സ്വദേശിയായ അര്‍വിന്ദര്‍ കുമാര്‍(25) ആണ് ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ലാഹോറിലെ പെണ്‍കുട്ടിയെ കാണാന്‍ പുറപ്പെട്ടത്. സൈക്കിളില്‍ എളുപ്പത്തില്‍ അതിര്‍ത്തി കടക്കാം എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബി എസ് എഫുകാര്‍ അര്‍വിന്ദറിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ഇയാളുടെ കൈയില്‍ പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.

മൊബൈല്‍ ഫോണും വസ്ത്രങ്ങളും 350 രൂപയും മാത്രമാണ് ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കാവശ്യമായ രേഖകള്‍ തയ്യാറാകുന്നത് വരെ കാത്തിരിക്കാന്‍ തനിക്ക് ക്ഷമ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നാണ് യുവാവിന്റെ വിശദീകരണം.

ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമം ലംഘിച്ചതിന് ഇയാളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :