ഇന്ത്യയില്‍ ആക്രമണം വര്‍ധിപ്പിക്കാന്‍ ലഷ്ക‌ര്‍ ഇ ത്വയ്ബ ഒരുങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയില്‍ ആക്രമണം വര്‍ധിപ്പിക്കാന്‍ ലഷ്ക‌ര്‍ ഇ ത്വയ്ബ ഒരുങ്ങുന്നുവെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അടുത്തകൊല്ലം അമേരിക്കന്‍ സഖ്യസേന പിന്മാറുന്നതോടെ ലഷ്ക‌ര്‍ ഇ ത്വയ്ബ പാക് ഭീകരസംഘം ഇന്ത്യയില്‍ ആക്രമണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായിട്ടാണ് ഇന്റലിജന്‍സ് അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേനയ്ക്കെതിരെ പൊരുതുന്ന ഇസ്ലാമിക പോരാളികള്‍ കശ്മീരിലേക്ക് ആക്രമണം മാറ്റാന്‍ സാദ്ധ്യതയുള്ളതായി ഇന്ത്യയുടെ ചാരസംഘടനായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.

ലഷ്ക‌ര്‍ ഇ ത്വയ്ബ സ്ഥാപക നേതാവ് ഹഫീസ് സയിദ് തങ്ങളുടെ അടുത്ത ലക്ഷ്യം കശ്മീരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് കരാര്‍ നേടിയതും അമേരിക്കന്‍ സേനയ്ക്ക് പിന്തുണ നല്‍കിയതും അവിടുത്തെ ഇസ്ലാമിക പോരാളികളുടെ ശത്രുത നേടാന്‍ കാരണമായി.

അഫ്ഗാന്‍ താലിബാന്‍ പോരാളികളെ ഇന്ത്യയ്ക്കെതിരെ തിരിക്കാനും പാക് ചാരസംഘടന ശ്രമിച്ച്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാക് നിയന്ത്രണരേഖ, പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാക്കി രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ച് ഇന്ത്യയില്‍ കടന്നുകയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് ഭീകരുടെ പദ്ധതി. ഇതിന് ഒത്താശ നല്‍കുന്നത് പാക് ചാര സംഘടനയാണെന്നാണ് അറിയുന്നത്.

പാകിസ്ഥാനി ഇസ്ലാമിക പണ്ഡിതനായ ഹഫീസ് സയിദ് 1990-ല്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് രൂപീകരിച്ചതാണ് ലഷ്ക‌ര്‍ ഇ ത്വയ്ബ എന്ന ഭീകര സംഘടന. മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :