ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിട്ട് നിര്‍ദ്ദിഷ്ട ലക്‍ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ പ്രധാന പങ്ക് വഹിച്ചിരുന്നു എന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ഗ്വാണ്ടനാമോ ബേയില്‍ നിന്നുള്ള എണ്ണൂറോളം ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ടുകളുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍.
ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കുന്ന നിരവധി രേഖകളില്‍ ഒന്നില്‍ 2002 - ല്‍ അറസ്റ്റിലായ ഒരു അള്‍ജീരിയന്‍ അല്‍-ക്വൊയ്ദ ഭീകരന്റെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ചിരിക്കുന്നു. ‘ഇന്ത്യയില്‍ ഇന്ത്യക്കാരെ കൊലചെയ്യുക’ എന്നതായിരുന്നു തന്റെ ദൌത്യമെന്നാണ് ഇയാള്‍ ചോദ്യം ചെയ്യല്‍ വേളയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബോംബാക്രമണം നടത്തുന്നതിനും ആളുകളെ തട്ടിക്കൊണ്ട് പോകുന്നതിനും കശ്മീരികളെ കൊലചെയ്യുന്നതിനും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഭീകര സംഘാംഗങ്ങള്‍ക്ക് ഐഎസ്‌ഐ അനുവാദം നല്‍കിയിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ ഭീകരാക്രമണ ലക്‍ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നത് ഐഎസ്‌ഐ ആണെന്നതാണ് ഇയാളുടെ വെളിപ്പെടുത്തലില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇതോടെ, രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയാണെന്ന ഇന്ത്യന്‍ വാദത്തിന് ശക്തിയേറുകയാണ്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരന്‍ എന്ന് മുദ്രകുത്തിയ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിന് സമീപമുള്ള സൈനിക അക്കാദമിക്ക് അടുത്തുള്ള കേന്ദ്രത്തില്‍ നിന്ന് പിടികൂടിയതിനു പിന്നാലെയാണ് വിക്കിലീക്സിന്റെ ഈ വെളിപ്പെടുത്തലും പുറംലോകം അറിയുന്നത്.