ഇടക്കാല ബജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കും; തടസ്സപ്പെട്ടാല്‍ ലോക്‌സഭാ ടിവിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തെത്തിയ സാഹചര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്‌ ധനമന്ത്രി പി ചിദംബരം ഇന്ന്‌ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നതിനാല്‍ മൂന്നോ നാലോ മാസത്തേക്ക് ഭരണ ചെലവിന് തുക വകയിരുത്തിയുള്ള വോട്ട് ഓണ്‍ അക്കൗണ്ടാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കുക. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബജറ്റ് അവതരണം.. രാവിലെ പതിനൊന്നോടെ ബജറ്റ്‌ പ്രസംഗം ആരംഭിക്കും.

തെലങ്കാന വിഭജനം ഉന്നയിച്ച്‌ ആന്ധ്രാ എംപിമാര്‍ പ്രതിഷേധം ഇന്നും തുടര്‍ന്നാലും ബജറ്റ് പ്രസംഗം തടസ്സപ്പെട്ടാല്‍ ലോക്‌സഭാ ടിവിയിലൂടെ അവതരിപ്പിക്കുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.

പ്രത്യക്ഷ നികുതികളില്‍ മാറ്റമുണ്ടാവില്ലെന്നാണ് സൂചന എന്നാല്‍ പരോക്ഷ നികുതികളില്‍ ഇളവുകളുണ്ടായേക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കുമെന്ന്‌ സൂചനയുണ്ട്‌. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഗ്രാമീണമേഖല, വനിതാക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക്‌ കൂടുതല്‍ തുക നീക്കിവെക്കാനിടയുണ്ട്‌.

കേരളത്തിനായ വിഴിഞ്ഞം പദ്ധതിക്ക്‌ 1500 കോടി നല്‍കണമെന്നും സംസ്‌ഥാനത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഇന്‍ഡസ്‌ട്രിയല്‍ മാനുഫാക്‌ച്ചറിംഗ്‌ സോണ്‍ അനുവദിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :