ഇ-മെയിലുകള്‍ പറയുന്നു, ആണവ മഴ പെയ്യും!

ചെന്നൈ| WEBDUNIA|
PRO
ജപ്പാനിലെ ഭൂകമ്പത്തിന്റെയും സുനാമിയുടെയും തുടര്‍ ചലനങ്ങള്‍ ഇങ്ങകലെ ഇന്ത്യന്‍ നഗരമായ ചെന്നൈയിലാണോ? ജപ്പാനിലെ ആണവ വികിരണങ്ങളെ കുറിച്ച് നിറം പകരുന്ന കഥകളാണ് വ്യക്തമായ ഉറവിടമില്ലാത്ത ഇ-മെയിലുകളിലൂടെ ചെന്നൈ നഗരത്തില്‍ നിന്ന് പ്രവഹിക്കുന്നത്!

ജപ്പാനില്‍ അണുവികിരണം ഉണ്ടായ സാഹചര്യത്തില്‍, പെയ്യുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആണവ വികിരണമേല്‍ക്കും എന്നും ചര്‍മ്മത്തില്‍ അര്‍ബുദം ഉണ്ടാകുമെന്നുമാണ് മെയിലിലൂടെ പ്രചരിക്കുന്ന കഥ. അര്‍ബുദമോ മുടികൊഴിച്ചിലോ പൊള്ളലോ ഉണ്ടാക്കാവുന്ന ആണവ വികിരണ ശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ മഴയിലുണ്ടാവുമെന്നും മെയിലിലൂടെയുള്ള മുന്നറിയിപ്പില്‍ പറയുന്നു.

ചാറ്റല്‍ മഴയേ ഉള്ളൂ എങ്കില്‍ പോലും മഴക്കോട്ടോ കുടയോ സ്കാര്‍ഫോ ഇല്ലാതെ പുറത്തിറങ്ങരുത് എന്നും മെയിലില്‍ പറയുന്നു. ഒരുതുള്ളി മഴവെള്ളം ശരീരത്ത് പതിച്ചാല്‍ പോലും അപകടകരമായിരിക്കുമെന്നാണ് ഇ-മെയിലില്‍ പറയുന്നത്.

എന്നാല്‍, മെയിലിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. എം ശ്രീനിവാസന്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ചെര്‍ണോബില്‍ ദുരന്ത സമയത്ത് പോലും അയല്‍ രാജ്യങ്ങളെ മാത്രമാണ് ആണവ വികിരണം ബാധിച്ചത്. ജപ്പാനില്‍ താരതമ്യേന ചെറിയ തോതിലുള്ള അണുപ്രസരണമാണ് നടക്കുന്നതെന്നും ഇന്ത്യയില്‍ നിന്ന് വളരെ അകലെയുള്ള ജപ്പാനില്‍ നിന്ന് അണുപ്രസരണം ഇന്ത്യയിലെത്താന്‍ വഴിയില്ല എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് നടക്കുന്ന പ്രചരണങ്ങള്‍ അസംബന്ധമാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ട എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :