ജിദ്ദയില്‍ വെള്ളപ്പൊക്കം, വൈദ്യുതിയില്ല

ജിദ്ദ| WEBDUNIA|
PRO
സൌദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി‍‍. നഗരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരു അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഷോക്കേറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 2009 നവംബറില്‍ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച മൂന്ന് മണിക്കൂര്‍ കൊണ്ട് 111 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്.

കനത്ത മഴയില്‍ ഭൂഗര്‍ഭ ടാങ്കുകളിലെ മലിനജലം പ്രളയ ജലത്തിനൊപ്പം ചേര്‍ന്ന് നഗരമാകെ ദുര്‍ഗ്ഗന്ധപൂരിതമായിരിക്കുകയാണ്. കനത്തമഴയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാത്തതില്‍ നഗരവാസികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആളുകള്‍ വീടുവിട്ട് വെളിയില്‍ പോകരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :