ഗാസിയാബാദ് സിബിഐ കോടതി ജഡ്ജി ശ്യാംലാലാണ് വിധി പറഞ്ഞത്. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജീവ പര്യന്തം നല്‍കുകയായിരുന്നു.
ആരുഷിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
14കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ആരുഷി 2008 മെയ് 15നു രാത്രിയിലാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നു കണ്ടെത്തി.
ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് കൊലപ്പെടുത്തിയെന്നും ഇതിന് നൂപുര്‍ കൂട്ടു നിന്നെന്നുമാണു കേസ്. നോയിഡ പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് യുപി സര്‍ക്കാര്‍ അന്വേഷണം സിബിഐയ്ക്കു കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നായിരുന്നു ഉത്തര്‍പ്രദേശ് പോലീന്റെ നിഗമനം. എന്നാല്‍ അടുത്ത ദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. ഇതിനിടെ കേസ് സിബിഐയ്ക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സിബിഐ സംഘം കണ്ടെത്തിയത്.
പിന്നീട് ദമ്പതിമാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന കണ്ടെത്തലില്‍ സിബിഐ എത്തുകയായിരുന്നു.സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.